അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം: ഇന്ത്യൻ ചരിത്രത്തിലെ വൻ കുംഭകോണങ്ങൾ
അന്തർദ്ദേശീയ അഴിമതി വിരുദ്ധ ദിനം ആണ് ഡിസംബർ 9-ന്. ലോകത്തിലെ അഴിമതിക്കെതിരായ പോരാട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്നു ഈ ദിനാചരണം. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതികളിൽ ചിലത് ചർച്ച ചെയ്യുകയാണ് ഈ ലേഖനം.
ജോബിൻ വി. മാമ്മൻ കോളനി കാലഘട്ടത്തിലെ ബ്രിട്ടീഷ് കൊള്ളയിൽ തളർന്നുപോയ ഇന്ത്യയ്ക്ക് പിന്നീട് നേരിടേണ്ടി വന്നത് ഇന്ത്യൻ ജനത തിരഞ്ഞെടുത്ത വിവിധ സർക്കാരുകൾ നടത്തിയ അഴിമതികളെയായിരുന്നു. സ്വാതന്ത്ര്യം നേടി 75 വർഷം പിന്നിടുമ്പോഴും ഇന്ത്യക്ക് അഴിമതി എന്ന വലിയ ശത്രുവിനെ പൂർണ്ണമായും പുറന്തള്ളാൻ കഴിഞ്ഞിട്ടില്ല. അഴിമതി നിരോധന നിയമം, 1988 പ്രകാരം അഴിമതി 3 വർഷത്തിലധികം തടവ് വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. എങ്കിലും പ്രായോഗിക തലത്തിൽ അഴിമതി ഇളവില്ലാതെ തുടരുന്നു എന്ന് തന്നെ പറയാം. ഇന്ത്യയിൽ മാത്രമല്ല ലോകമെങ്ങും അഴിമതി ഒരു പ്രശ്നമാണ്. ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘനയായ ട്രാൻസ്പെരൻസി ഇന്റർനാഷണൽ അവസാനം പുറത്തിറക്കിയ 'കറപ്ഷൻ പെർസെപ്ഷൻ ഇൻഡക്സ്' (സിപിഐ) പ്രകാരം ഇന്ത്യക്ക് അഴിമതിയിൽ 85ാം സ്ഥാനമാണ്. മുൻപ് അവതരിപ്പിച്ച കണക്ക് പ്രകാരം ഇന്ത്യയിൽ 10-ൽ 7 പേരും ഒരിക്കലെങ്കിലും കൈകൂലി കൊടുത്തിട്ടുള്ളവരാകും എന്നും പറയുന്നു. സിപിഐ പ്രകാരം ഏറ്റവും കുറവ് അഴിമതിയുള്ള രാജ്യങ്ങൾ ഡെന്മാർക്ക്, ഫിൻലൻഡ്, ന്യൂസിലൻഡ് എന്നിവയാണ്. എന്താണ് അഴിമതി? ലോകബാങ്ക് അഴിമതിയെ ലളിതമായി നിർവ്വചിക്കുന്നത് ഇപ്രകാരമാണ്: 'സ്വകാര്യ ലാഭത്തിന് വേണ്ടി സർക്കാർ സ്ഥാപനത്തിന്റെ അധികാരം ദുരുപയോഗം ചെയ്യുന്നത്.' സ്വകാര്യ മേഖലയിൽ അഴിമതിയുണ്ടെങ്കിലും പൊതുമേഖലയെ അപേക്ഷിച്ച് കുറവാണെന്ന് കാണാനാവും. സർക്കാർ വകുപ്പുകളിൽ നടപടിക്രമത്തിന്റെ സങ്കീർണ്ണതയും, കൃത്യമായ മേൽനോട്ടം ഇല്ലാത്തതും, ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പോലും അഴിമതിയുടെ ഭാഗമാകുന്നതും സാഹചര്യം വഷളാക്കുന്നു. അഴിമതി – ഇന്ത്യൻ സാഹചര്യം വ്യക്തിപരമായി സമ്പത്ത് വർധിപ്പിക്കാനുള്ള അത്യാഗ്രഹമാണ് അഴിമതിയുടെ മൂലകാരണം. സർക്കാർ സേവനങ്ങൾക്ക് അധികം കാത്ത് നിൽക്കാതെ വേഗം ലഭിക്കാൻ ജനങ്ങൾ കൈക്കൂലി കൊടുക്കാൻ തയ്യാറായി മുന്നോട്ട് വരുന്നതും പ്രലോഭനമായി മാറുന്നു. അഴിമതിയെന്ന അനീതി സാമൂഹികമായി പ്രത്യേക പരിഗണന ആവശ്യമായ സമൂഹങ്ങളെ കൂടുതൽ ഓരങ്ങളിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിടുന്ന ഒരു കാര്യം കൂടിയാണ്. അഴിമതിക്കെതിരെ രൂപീകരിച്ച അന്വേഷണ സംവിധാനങ്ങളും അഴിമതി വിമുക്തമല്ല എന്നതാണ് വസ്തുത. ഇക്കാരണത്താൽ അഴിമതിക്കെതിരെയുള്ള അന്വേഷണം അട്ടിമറിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. നീതിന്യായ വ്യവസ്ഥ അഴിമതിയുടെ കറ പുരളാതെ നിൽക്കുന്നു എന്ന് പൊതുവിൽ വിശ്വസിക്കുമ്പോൾ പോലും വിവിധ ബാഹ്യ ഇടപെടലുകൾ ഉണ്ടായെന്ന ആരോപണവും ന്യായാധിപരുടെ തന്നെ വെളിപ്പെടുത്തലുകളും ഇന്ത്യയിലെ അഴിമതിയുടെ ആഴം വെളിവാക്കുന്ന സന്ദർഭങ്ങളാണ്. ഇന്ത്യയിലെ പ്രധാന അഴിമതികൾ ചെറിയ തുക കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥർ മുതൽ കരാറുകൾ മറിച്ച് നൽകിയും, പദ്ധതി നടത്തിപ്പിന് കമ്മീഷൻ കൈപ്പറ്റിയും, വകമാറ്റി ചെലവാക്കുകയും വഴി ഖജനാവിലെ കോടികൾ തട്ടുന്ന വമ്പന്മാർ വരെ അഴിമതിക്കൊള്ള നടത്തുന്നു. സ്വതന്ത്ര ഇന്ത്യ കണ്ട ചില മറക്കാനാവാത്ത അഴിമതികളെ നമുക്കൊന്ന് പരിചയപ്പെടാം. ബോഫോഴ്സ് അഴിമതി (1980-90) ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ ഇടപാട് അഴിമതി ആരോപണമായിരുന്നു ബോഫോഴ്‌സ് കുംഭകോണം. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയും, സർക്കാർ ഉദ്യോഗസ്ഥരും 15 എം എം ഫീൽഡ് ഹോവിറ്റ്സർ ഷോർട്ട് ഗൺ വാങ്ങുന്ന കരാർ നൽകാൻ സ്വീഡിഷ് കമ്പനിയായ എ ബി ബോഫോഴ്സിൽ നിന്നും 64 കോടിയോളം രൂപ കൈപ്പറ്റിയെന്നായിരുന്നു ആരോപണം. ഇത് 1989 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വലിയ തോൽവിക്ക് കാരണമായി. ഡൽഹി കോടതി 2004-ൽ രാജീവ് ഗാന്ധിക്ക് എതിരായ അഴിമതി കേസ് റദ്ദാക്കുകയും ചെയ്തു. വ്യാപം അഴിമതി (1990 – 2013) മധ്യപ്രദേശിൽ എൻട്രൻസ് പരീക്ഷയിൽ ഉയർന്ന റാങ്ക് കിട്ടാൻ നടത്തിയ സംഘടിത അഴിമതിയാണ് വ്യാപം എന്ന് അറിയപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും കുപ്രസിദ്ധി നേടിയ അഴിമതി കൊലപാതക പരമ്പര ആയിരുന്നു കേസിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. വ്യാവസായിക് പരീക്ഷാ മണ്ഡൽ എന്ന പരീക്ഷാ വകുപ്പിൻറെ ചുരുക്കപ്പേരാണ് വ്യാപം. മെഡിക്കൽ, പോലീസ്, ടീച്ചർ, ഫുഡ് ഇൻസ്പെക്ടർ, ഫോറസ്റ്റ് ഗാർഡ് അങ്ങനെ നിരവധി തസ്തികകളിലേക്കുള്ള പരീക്ഷയിലും നിയമനത്തിലും അഴിമതി നടന്നു എന്നാണ് കണ്ടെത്തൽ. അന്വേഷണം പുരോഗമിക്കുന്നത് അനുസരിച്ച് 100 ലധികം സാക്ഷികളും, പരാതിക്കാരും, പ്രതികളും അസ്വാഭാവിക സാഹചര്യത്തിൽ കൊല്ലപ്പെട്ടു. കേസിന്റെ ഭാഗമായി നിരവധിയാളുകൾ ലോക്കപ്പിൽ കൊല്ലപ്പെട്ടു. ചുരുക്കം ചില പ്രതികളെ അറസ്റ്റ് ചെയ്ത് കേസ് അവസാനിപ്പിക്കുകയായിരുന്നു പൊലീസ്. കാർഗിൽ - ശവപ്പെട്ടി അഴിമതി (1999) കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ മൃതദേഹം ഇന്ത്യയിലെത്തിക്കാൻ വാങ്ങിയ ശവപ്പെട്ടിയിൽ വരെ അഴിമതി ആരോപണം നേരിട്ടു എന്നത് ഇന്ത്യയെ ലോകത്തിന് മുന്നിൽ നാണം കെടുത്തിയ സംഭവമായിരുന്നു. 1999-ലെ യുദ്ധകാലത്ത് അമേരിക്കയിൽ നിന്നും വിലകുറഞ്ഞ ശവപ്പെട്ടികൾ കൂടുതൽ വില നൽകി വാങ്ങിയെന്നും. ഇതിലൂടെ കോടികൾ തട്ടിപ്പ് നടത്തി എന്നുമാണ് ആരോപണം ഉയർന്നത്. ഇക്കാലത്ത് കേന്ദ്രം ഭരിച്ചിരുന്ന വാജ്പേയ് സർക്കാരിലെ പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസ് കേസിൽ പ്രതി ആവുകയും തുടർന്ന് മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. കേസിൽ സിബിഐ അന്വേഷണം നടത്തിയെങ്കിലും ജോർജ് ഫെർണാണ്ടസിന്റെ അഴിമതി പങ്കാളിത്തം കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് 2013-ൽ പ്രത്യേക സിബിഐ കോടതി വിധിച്ചു. മറ്റ് പ്രതികളെയും ക്രമേണ വിചാരണയ്ക്ക് ശേഷം വെറുതെവിട്ടു. 2ജി സ്പെക്ട്രം അഴിമതി (2008) മൊബൈൽ ഫോണുകൾക്ക് 2ജി സ്പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അഴിമതി ആരോപണമാണിത്. 2ജി സ്പെക്ട്രം സബ്സ്ക്രിപ്ഷൻ സൃഷ്ടിക്കുന്ന ഫ്രീക്വൻസി അനുവദിക്കുന്നതിൽ ബോധപൂർവമായ വീഴ്ച വരുത്തി ഖജനാവിന് കോടികളുടെ നഷ്ടം വരുത്തി എന്നായിരുന്നു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) കണ്ടെത്തൽ. ഈ ഇടപാടിൽ ഏകദേശം 1.7 ട്രില്ല്യൺ രൂപ ഖജനാവിന് നഷ്ടം വന്നു എന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്. 2017 ഡിസംബർ 21 ന് ഡൽഹിയിലെ പ്രത്യേക കോടതി എ. രാജ, എം. കനിമൊഴി ഉൾപ്പെടെയുള്ള പ്രതികളെയെല്ലാം വെറുതെ വിട്ടു. ഏഴ് വർഷം അന്വേഷിച്ചിട്ടും ദൃഢമായ തെളിവുകൾ നൽകാൻ അന്വേഷണ ഏജൻസിക്ക് കഴിയാതിരുന്നതാണ് കോടതി കേസ് തള്ളാനുള്ള കാരണമായി ചൂണ്ടിക്കാട്ടിയത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഈ വിധിക്ക് എതിരെ തുടരന്വേഷണ സാധ്യത തേടി അപ്പീലിന് പോയിരുന്നു. കോമൺവെൽത്ത് ഗെയിംസ് അഴിമതി (2010) ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതികളിൽ ഒന്നായിരുന്നു കോമൺ വെൽത്ത് ഗെയിംസ് അഴിമതി. കായിക താരങ്ങൾക്കായി 70,000 കോടി രൂപ ചെലവഴിച്ചു എന്ന കണക്ക് അവതരിപ്പിക്കുകയും യഥാർത്ഥത്തിൽ ഇതിന്റെ പകുതിപോലും ചെലവഴിച്ചില്ല എന്നതുമാണ് ഈ കേസിനാധാരം. സെൻട്രൽ വിജിലൻസ് കമ്മീഷൻ ആണ് കേസ് അന്വേഷിച്ചത്. ടെൻഡറിൽ പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്ന് കൂടുതൽ നടപടികളിലേക്ക് കടന്നു. വ്യാജ കമ്പനികൾ രൂപീകരിച്ച് ടെൻഡർ നൽകി, അമിതമായ വില നൽകി മോശം സാധനങ്ങൾ വാങ്ങി, ജോലിയിൽ മനഃപൂർവം കാലതാമസം വരുത്തി തുടങ്ങി നിരവധി കുറ്റങ്ങൾ വിജിലൻസ് കണ്ടെത്തുകയും ചെയ്തു. കോമൺവെൽത്ത് ഗെയിംസ് ചുമതല കൂടി നിർവഹിക്കുന്ന ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് സുരേഷ് കൽമാഡിയെ അന്വേഷണ എജൻസി കസ്റ്റഡിയിലെടുത്തു. പിന്നീട് അദ്ദേഹം ജയിൽമുക്തനായി. അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതിനാൽ കേസിൽ ഇതുവരെ അന്തിമ വിധി വന്നിട്ടില്ല. കൽക്കരി വിതരണ അഴിമതി (2012) കൽക്കരിപ്പാടങ്ങൾ പാട്ടം നൽകുന്നതിന് വഴിവിട്ട സഹായം ചെയ്തുവെന്നും കോടികളുടെ അഴിമതി നടത്തി എന്നുമാണ് ആരോപണം. 2004-09 കാലയളവിൽ 194 കൽക്കരിപ്പാടങ്ങൾ പൊതു-സ്വകാര്യ സംരംഭകർക്ക് പാട്ടത്തിന് നൽകിയത് ഖജനാവിന് നഷ്ടം വരുത്തി എന്ന സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഏകദേശം 185000 കോടിയുടെ നഷ്ടം പൊതുഖജനാവ് സഹിക്കേണ്ടി വന്നു എന്നാണ് സിഎജി റിപ്പോർട്ട് ചെയ്തത്. എച്ച്. സി. ഗുപ്ത, കെ. എസ്. കോഫ്ര തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ ഈ കേസിൽ കുറ്റക്കാരാണെന്ന് പ്രത്യേക സി ബി ഐ കോടതി വിധിച്ചു. അതേസമയം ഈ കേസിൽ അഴിമതി ആരോപണം നേരിട്ട പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പങ്ക് അന്വേഷണത്തിൽ തെളിയിക്കാനായില്ലെന്ന് കോടതി കണ്ടെത്തി. ചോപ്പർ ഗേറ്റ് അഴിമതി അഥവാ അഗസ്റ്റ വെസ്റ്റ്ലാൻഡ് വി വി ഐ പി ഹെലികോപ്റ്റർ വങ്ങുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണം, കർണാടക ഖനന അഴിമതി, പെഗാസസ് അഴിമതി, നീരവ് മോദി തട്ടിപ്പ്, വിജയ് മല്യ തട്ടിപ്പ് അങ്ങനെ നീളുന്നു ഇന്ത്യയിലെ അഴിമതി കഥകൾ. കേന്ദ്രത്തിലെ പോലെ തന്നെ സംസ്ഥാന, തദ്ദേശ സ്വയംഭരണ തലത്തിലും അഴിമതി വ്യാപകമായി നടക്കുന്നു. കേരളത്തിലെ അഴിമതികൾ കേരളത്തിലേ ആദ്യത്തെ പ്രധാന അഴിമതി ആരോപണമായിരുന്നു ആന്ധ്രാ അരി കുംഭകോണം. അരിക്ഷാമം പരിഹരിക്കാൻ ആന്ധ്രയിൽ നിന്നും ടെൻഡർ നടപടികൾ പാലിക്കാതെ 5000 ടൺ അരി സ്വകാര്യസ്ഥാപനത്തിൽ നിന്നും വാങ്ങിയതാണ് ആരോപണത്തിന് കാരണം. പിന്നീട് കേരളത്തിൽ ഉയർന്ന പ്രധാന അഴിമതിക്കേസിൽ ഒന്നാണ് ഇടമലയാർ, കല്ലട ഡാം നിർമ്മിക്കാനുള്ള കരാർ അനുവദിച്ചത് സംബന്ധിച്ച ആരോപണം. ഈ കേസിൽ അന്നത്തെ വൈദ്യുത വകുപ്പ് മന്ത്രിയായിരുന്ന ആർ ബാലകൃഷ്ണപിള്ളയ്‌ക്ക് സുപ്രീം കോടതി ഒരു വർഷത്തേക്ക് ജയിൽശിക്ഷ വിധിച്ചു. കേരളത്തിലാദ്യമായി ഒരു മന്ത്രി അഴിമതിക്കേസിൽ ജയിലിലായ സംഭവമായിരുന്നു ഇത്. രാഷ്ട്രീയ ഇടപെടൽ കാരണം പരോളും ശിക്ഷാ ഇളവും എല്ലാം കഴിഞ്ഞ് കേവലം 60 ദിവസം മാത്രമാണ് അദ്ദേഹം ജയിലിൽ കഴിഞ്ഞത്. സോളാർ അഴിമതി, ബാർ കോഴ കേസ്, മാസ്ക് പർച്ചേസ് ആരോപണം, സ്പ്രിംഗ്ലർ തുടങ്ങി നിരവധി ആരോപണങ്ങൾ തുടർന്നും കേരളം കണ്ടു. 'എല്ലാവരുടെയും ആവശ്യത്തിനുള്ളത് പ്രകൃതിയിൽത്തന്നെയുണ്ട്. എന്നാൽ, ആരുടെയും അത്യാഗ്രഹം ശമിപ്പിക്കാനുള്ളതില്ല' എന്ന ഗാന്ധിജിയുടെ വാചകം ഈ ഘട്ടത്തിൽ ഓർക്കുക പ്രധാനമാണ്. നീതിയുക്തമായ വിഭവവിതരണം അട്ടിമറിക്കുന്ന അഴിമതി അവസാനിപ്പിക്കാനായാൽ, ഇന്ത്യയുടെ വികസനം ത്വരിതവും സമഗ്രവുമാകും.
IMAGES
VIDEO